ബെയ്റൂട്ട്: തെക്കൻ ലബനനിലെ ഇസ്രേലി ആക്രമണത്തിൽ മൂന്നു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഹിസ്ബുള്ള ബന്ധമുള്ള അൽ മനാർ ടിവിയുടെ റിപ്പോർട്ടർ അലി ഷോയബ്, അൽ മയാദീൻ എന്ന മറ്റൊരു ചാനലിന്റെ റിപ്പോർട്ടർ ഫാത്തിമ ഫത്തൗനി, ഫാത്തിമയുടെ സഹോദരനും കാമറാമാനുമായ മുഹമ്മദ് ഫത്തൗനി എന്നിവരാണു കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഉച്ചയ്ക്ക് ജസീൻ എന്ന പട്ടണത്തിൽ ഇവരുടെ കാറിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.അലി ഷോയബിനു നേർക്ക് ആക്രമണം നടത്തിയ കാര്യം ഇസ്രേലി സേന സ്ഥിരീകരിച്ചു.
ഹിസ്ബുള്ളയുടെ റഡ്വാൻ സേനയിൽ അംഗമായ ഭീകരനാണ് ഇയാളെന്ന് ഇസ്രേലി സേന ആരോപിച്ചു. വർഷങ്ങളായി മാധ്യമപ്രവർത്തകനെന്ന വ്യാജേന പ്രവർത്തിക്കുകയായിരുന്നു. തെക്കൻ ലബനനിലെ ഇസ്രേലി സൈനികരുടെ സ്ഥാനങ്ങൾ വെളിപ്പെടുത്താനുള്ള നീക്കത്തിലായിരുന്നു അലിയെന്നും കൂട്ടിച്ചേർത്തു. ഫാത്തിമ, മുഹമ്മദ് എന്നിവരുടെ മരണത്തിൽ ഇസ്രേലി സേന പ്രതികരിച്ചില്ല.